Latest Updates

ബെംഗളൂരു: നടൻ കമൽ ഹാസന്റെ വിവാദപരാമർശത്തെ തുടർന്ന് കമൽ ഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫ് ന് കർണാടകയിൽ വിലക്ക്. മാപ്പ് പറയാതെ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്സിസി) പ്രഖ്യാപിച്ചു. മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിൽ 38 വർഷങ്ങൾക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജൂൺ 5ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം പ്രൊമോഷൻ പരിപാടിക്കിടെ, കമൽ ഹാസന്റെ കന്നഡഭാഷയെ കുറിച്ചുള്ള പരാമർശമാണ് വിവാദമായത്. “നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്” എന്ന കമൽ ഹാസന്റെ പ്രസ്താവനയെ തുടർന്ന് പ്രതിഷേധം ശക്തമാവുകയായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കമൽ ഹാസൻ പരസ്യമായി മാപ്പ് പറയുന്നതുവരെ കർണാടകയിൽ സിനിമയുടെ റിലീസ് തടയുമെന്ന് കെഎഫ്സിസി നേതാവ് സാ രാ ഗോവിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കർണാടക രക്ഷണ വേദികയും മറ്റ് കന്നഡ സംഘടനകളും സിനിമയ്‌ക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കമലിനെതിരെ രംഗത്തെത്തി. “കന്നഡയ്ക്ക് വലിയ ചരിത്രമുണ്ട്, പാവം കമൽ ഹാസന് അതറിയില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രംഗരായ ശക്തിവേൽ നായകർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കമൽ ഹാസനെത്തുക. ചിമ്പു, തൃഷ, ജോജു ജോർജ്, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. എആർ റഹ്മാനാണ് സംഗീതം.

Get Newsletter

Advertisement

PREVIOUS Choice